മൂടിപ്പുതച്ചുറങ്ങുന്ന പുലർ കാലങ്ങളിൽ ഞാൻ കണ്ടിട്ടുള്ളവയിൽ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം ആ വീടാണ് , കാരിത്തോട്ട അമ്മയുടെയും അപ്പച്ചന്റെയും വീട് , കാരിത്തോട്ടമ്മ എന്റെ
അമ്മയുടെ അമ്മയാണ് അപ്പച്ചൻ അമ്മയുടെ അച്ഛനാണ്
കുട്ടിക്കാലത്തു വളരെ ഏറെ
മനസ്സിനെ സ്വാധീനിച്ച വീട്‍യിരുന്നു കാരിത്തോട്ട,പഴയ രീതിയിൽ പറഞ്ഞാൽ ഇടനാട്, ചുറ്റിനും ഭീമാകാരങ്ങൾ അല്ലാത്ത മൊട്ടക്കുന്നുകളും പുഴകളും പാടങ്ങളും ഉള്ള പ്രദേശം, പുരാതന കേരള സംസ്കാരത്തെ സ്വാധീനിച്ച കുട്ടനാടിന്റെ മാതൃക ആയ ആറന്മുളയുടെ സമീപ പ്രദേശം ആണ് കാരിത്തോട്ട, ആറന്മുളയിലുള്ള വള്ളം കളിയും ഉത്‌സവങ്ങളും ഒരു ജനതയെ എങ്ങയൊക്കെസ്വാധീനിച്ചിരുന്നു എന്ന് അപ്പച്ചനിലൂടെ നോക്കിക്കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്
അമ്മ എപ്പോഴും പറയുമായിരുന്നു അപ്പച്ചൻ ചെയ്യാത്ത കൃഷി ഇല്ലായെന്ന് , കൃഷി സംബദ്ധമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ
അപ്പച്ചനെ മാതൃകആക്കി
ഇടക്ക് സംസാരിക്കാറുണ്ട്
അപ്പച്ചൻ നട്ടിട്ടില്ലാത്ത വിളകൾ
ചുരുക്കമാണ് എന്ന് പറയും ചാമ,തിന, മുതിര,നെല്ല്,വാഴ, ചേമ്പു,ചേന, മധുരകിഴങ്ങു,
കൂർക്ക,വെള്ള കിഴങ്ങു ,കപ്പ, മാങ്ങ,തേങ്ങ,പറങ്കി മാവ്,
കുടം പുളി,അങ്ങനെ പോകുന്നു ഒരു നീണ്ട നിര, പണ്ടെങ്ങോ അപ്പച്ചൻ വറുത്തു വാരിത്തന്നു കഴിപ്പിച്ച ചാമയുടെയും, മുതിരയുടെയും രുചി പലപ്പോഴും
ഓർക്കാറുണ്ടായിരുന്നു
പക്ഷേ വളർച്ചയുടെ ഘട്ടത്തിൽ ആ രുചി മനസ്സിന്റെ കോണിൽ എവിടെയോ കിടന്നു പെരുകി പറയുന്നുണ്ടായിരുന്നു, ഈ ടെസ്റ്റ് നിനക്ക് പിന്നീട് കിട്ടിയിട്ടില്ല നീ കണ്ടു പിടിക്ക് എന്ന് മനസ് പലപ്പോഴും പറയും ആ രുചി ഓർത്തെടുക്കൻ ശ്രമിച്ചു നടന്നില്ല വർഷങ്ങൾക്ക് ശേഷം എന്റെ സിനിമയാത്രയുടെ ഭാഗമായി സഞ്ചരിക്കേണ്ടി വന്നപ്പോൾ ആണ് അറിയാതെ ആ രുചി തിരിച്ചുകിട്ടിയത്, ചാമയും,
മുതിരയും , തിനയും ഒക്കെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി പോയ് കൊണ്ടിരിക്കുകയാണ് പിന്നെങ്ങനെ അതിന്റെ രുചി കിട്ടും അല്ലേ
കാരിത്തോട്ട അപ്പച്ചൻ
അപ്പച്ചൻ ഒരു നല്ല ഒരു
കൃഷിക്കാരൻ ആയിരുന്നു,
ഒന്നര ഏക്കർ വരുന്ന ഒരു വലിയ കുന്നിന്റെ ഒരു ഭാഗം മുഴുവൻ അപ്പച്ചന്റെയും കാരിത്തോട്ടമ്മ സ്വന്തമായിരുന്നു
എന്റെ ഓർമ്മക്കുറിപ്പിലെ സ്വപനത്തിൽ എത്താറുള്ള
വീട്ടിലെ പ്രധാനപ്പെട്ട ഭാഗം
ഈ വിസ്‌തൃതമായ കുന്നിൻ പ്രദേശമാണ്,മഞ്ഞിന്റെ പുലർ കാലങ്ങളിൽ മണ്ണിൽ കിളക്കുന്ന
അപ്പച്ചന്റെ ഊക്കിന്റെ ശബ്ദം
കെട്ടിട്ടാണ് പലപ്പോഴും ഉണർന്നിട്ടുള്ളത് , വളരെ മനോഹരമായ ഓടിട്ട ഒരു ചെറിയ വീടായിരുന്നു കാരിത്തോട്ടമ്മയുടെയും അപ്പച്ചന്റെയും വീട്
വീടിന്റെ മുറ്റത്തിന് മുകൾ ഭാഗം ഒരു കയ്യാല ഉണ്ടായിരുന്നു അതിന് മുകളിലായി നിറയെ നിരനിരയായി പറങ്കി മാവും ആഞ്ഞിലി ഉണ്ടായിരുന്നു കുമ്പഴുപ്പൻ ആഞ്ഞിലി ചക്ക കിളികൾ കൂട്ടത്തോടെ ബഹളം വച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്
മുത്തന്റയ്യത്ത് എന്നായിരുന്നു വീട്ടു പേര്, വീടിനകം വളരെ മനോഹരമായിരുന്നു,
ഒരു നീണ്ട ഹാൾ,അതിൽ തടികൊണ്ടുള്ള കാലുകൾ നീട്ടി കയറ്റി വെക്കാവുന്ന ഒരു ചാരു കസേര, ഇളം നീലയിൽ ഇളം ചുവപ്പും പച്ചയും, നീലയിലും വരയിട്ട ഒരു കട്ടിയുള്ള തുണിയിൽ അപ്പച്ചന്റെ ഇരിപ്പിടം സെറ്റ് ചെയ്തിരിക്കുന്നു, മുറ്റത്തെക്കു തുറക്കുന്ന തടിയിൽ തീർത്ത ജനുകൾ, കോളാമ്പി
ചാരുകസേരയുടെ താഴെ ഇപ്പോഴും ഇരിക്കുന്നത് കാണാം
ഹാളിൽ നിന്ന് അകത്തേക്ക് കയറി ഇടത്തേക്ക് തിരിഞ്ഞാൽ ആദ്യത്തെ ഹാൾ പോലെത്തന്നെ രണ്ട് മുറിയായി തിരിച്ചിട്ടുണ്ട് ഒന്ന് കിടപ്പു മുറി അതിനപ്പുറത്തേതു ധാന്യപ്പുരയും അലമാരയും
വലിയ മനോഹരമായ ഒരു കണ്ണാടി അലമാര വെച്ചിട്ടുണ്ടായിരുന്നു
അലമാരക്ക് എതിർ ഭാഗത്തു ഒരു വലിയ പത്തായം വച്ചിട്ടുണ്ട്
നല്ല കറുത്ത കളറാണ് പത്തായതിനു, മാജിക് എന്നപോലെ മൂടി മാറ്റി
വാഴപ്പഴങ്ങൾ അതിൽ നിന്ന് എടുത്തുന്ന തന്നിരുന്ന ഒരു വലിയ മാജിക് കാരിയായിരുന്നു
കാരിത്തോട്ടമ്മ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,
നെല്ലും മറ്റു കിഴങ്ങു വർഗ്ഗങ്ങളും അതിന്റെ മറ്റു അറകളിൽ ഭദ്രമായിസൂക്ഷിച്ചിരുന്നു
ആദ്യമായി ചീന ഭരണികൾ
കാണുന്നത് എതിർ വശത്തു ഇരുന്ന അലമാരയിൽ നിന്നായിരുന്നു, വെള്ളയിൽ നീല നിറത്തിലുള്ള ചിത്രപ്പണികൾ ഉള്ള ഭരണികളും കപ്പുകളും, വർഷങ്ങൾക്കു ശേഷം അതിന്റെ ചരിത്ര പരമായ സ്വാധീനവും മനുഷ്യ ജീവി എന്നുള്ള നിലയിൽ വളരെ പ്രാധാന്യത്തോടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്
കിടപ്പു മുറിയിൽ നിന്ന് ഇടത്തേക്ക് ഇറങ്ങിയാൽ അടുക്കളയായി,മണ്ണ് കൊണ്ട് ഉയർത്തിയ പാതകം പാചകം (ചെയ്യാനുള്ള സ്ഥലം )
അതിനു മുകളിൽ പാചകം ചെയ്യാനുള്ള കല്ലുകൾ, അതിനു മുകളിലായി വിറകുകൾ അടുക്കിയിരിക്കുന്ന
ചേരു ( വിറകു അടുക്കാനുള്ള തട്ട് ) ഈർക്കിളിൽ കൊർത്ത് മാലകളായി കുടംപുളികൾ കോർത്തു ഉണക്കാനിട്ടിരിക്കുന്നു
പുതിയവയും പഴയവയും
ആൻസൽ ആഡംസിന്റെ കളർ സോൺ സിസ്റ്റം ഓർമ്മിപ്പിച്ചു
ഉറികൾ ആദ്യമായി കണ്ടത്
അവിടെ വെച്ചാണ് എന്നാണ് എന്റെ ഓർമ്മ കവുങ്ങിന്റെ ഓല കൊണ്ട് മുടി പിന്നിയതു പോലെ നാലായി പിന്നി ഒരു മിച്ചു മുകളിൽ കെട്ടിയിട്ടിരിക്കുന്നു അതിൽ ചട്ടികളുമുണ്ട്, അടുക്കളയിൽ നിന്ന് എന്റെ പ്രധാന സ്ഥലമായ വീടിന്റെ പിറകിലേക്ക് അടുക്കള വാതിലിലൂടെ ഇറങ്ങാൻ പറ്റും പിറകിലെ ഭിത്തിയോടു ഒരു നീണ്ട ഇരിപ്പിട കെട്ടു ഉണ്ട് അവിടെയിരുന്നു താഴേക്കു നോക്കിയാൽ തട്ടുകളിലായി
ഭൂമിയെ കാണാൻ പറ്റും, തട്ടുകളിലായി നട്ടിരിക്കുന്ന വിവിധ തരത്തിലുള്ള വിളകൾ
കാണാം, ഞാൻ അല്പം മുതിർന്നപ്പോൾ അതായതു (ബാലരമ വായിക്കുന്ന പ്രായം ) അമ്മയും ഞാനും കാരിത്തോട്ടയിൽ
ചെല്ലുമ്പോഴെല്ലാം ഒരു ചെറിയ വെട്ടു കത്തിയുമായി ഞാൻ
ആ പറമ്പിലേക്കു ഇറങ്ങും
പേരക്ക,ചമ്പക്ക,ചെന്തെങ്
മാങ്ങ,കൈതച്ചക്ക, ആഞ്ഞിലി ചക്ക, പറങ്കി പഴയ എന്ന് വേണ്ട എല്ലാം കിളിയെ പോലെ ഓടി നടന്നു തിന്നും , ആദ്യം ചെന്തെങ്ങിൽ നിന്ന് ഒരു കരിക്ക് കുത്തിയിട്ടു തരും അത് കഴിഞ്ഞു പേരക്ക,ചാമ്പക്ക വീടിന്റെ തെക്കേ അറ്റത്തെ കിണറ്റിൽ നിന്ന് തണുത്ത വെള്ളം കൂടെ കുടിച്ചാൽ
പിന്നെ ഞാൻ ഒന്നും കഴിക്കില്ല
അമ്മ ചോറുണ്ണാൻ വിളിച്ചാലും പോകില്ല , കഴിച്ചു കഴിഞ്ഞു അമ്മയും കാരിത്തോട്ടമായും കൂടെ പറങ്കി ഏറുക്കാൻ ഇറങ്ങും രണ്ട് ദിവസം മുഴുവനും നിന്നാലും പറങ്കി തീർക്കാൻ പറ്റില്ല അത്രക്ക് വസ്തുവിന്റെ ചുറ്റിനും ഉണ്ടായിരുന്നു പറങ്കികൾ
കുറച്ചു കഴിഞ്ഞു കഥാ പുസ്തങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ അറ്റത്തേക്ക് ഞാനും പോകും അമ്മയും കരിതോട്ടമ്മയും കൂടെ പറങ്കി എറിക്കുന്നുണ്ടാവും അപ്പച്ചൻ കപ്പ നടുന്നുണ്ടാവും അവരെല്ലാവരും അടുത്തുണ്ടല്ലോ എന്ന
ബലത്തിൽ ഞാൻ കഥാ പുസ്തകങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ തുണ്ടിൽ നിൽക്കുന്ന കുടം പുളിയുടെ അടുത്തേക്ക് അവർ കാണാതെ പോകും, രണ്ട് വലിയ കുടം പുളികൾ ഉണ്ടായിരുന്നു
അവിടെ, കാവിലെ ഉത്‌സവത്തിനു കാണുന്ന അമ്മൻ കുടത്തിലെ ശിഖരങ്ങൾ പോലെ,ക്രിസ്തുമസിന് നാട്ടുന്ന ക്രിസ്തുമസ് ട്രീ പോലെ അവയിങ്ങനെ മുകളിലേക്കുള്ള ചൂണ്ടുന്ന ആരോ ആകൃതിയിൽ
നക്ഷത്ര മത്സ്യത്തെ പോലെ
നിലംപറ്റി ശിഖരങ്ങൾ വിടർത്തി വളർത്തി ഇട്ടിരുന്നു , നല്ല വിളഞ്ഞു പഴുത്ത പുളി അല്പം ബ്രൗൺ മഞ്ഞ കളർ ആയിരിക്കും താഴെ
നിന്ന് പറിക്കാവുന്നത് പറിച്ചു
രണ്ടായി പിളർത്തി നടുക്കത്തെ
വെള്ളവും കുരുവും തള്ള വിരലുകൾ കൊണ്ട് നുഴഞ്ഞു എടുത്തു വായിലേക്ക് മൊത്തികുടിച്ചു നുണയുമ്പോൾ മധുരവും പുളിയും
ഒരുമിച്ചു അനുഭവപ്പെടും കൊതി കൂടുമ്പോൾ മഞ്ഞ പുളി
കടിച്ചു തിന്നും, വൈകിട്ടു തിരിച്ചു ചെല്ലുമ്പോൾ ആവും കാരിത്തോട്ടമ്മ വാ തുറന്നു പല്ലുകൾ പരിശോധിക്കുക
കറ പിടിപ്പിച്ചെന്നു വഴക്കും പറയും,
പാറ പൊടിഞ്ഞുണ്ടായ പഞ്ചാര
മണലായായിരുന്നു ഏറ്റവും താഴെ തുണ്ടിൽ ഉണ്ടായിരുന്നത്
പുളിയിലകൾ വകഞ്ഞു മാറ്റി ഞാൻ പുളി മരത്തിനു അകത്തേക്ക് കയറും , ഉരുളൻ കല്ലുകൾ പൊങ്ങി നിൽക്കുന്ന ആ എയർ കണ്ടീഷൻ റൂമിലേക്ക് ഞാൻ കയറും, ഉച്ചമയക്കം ശല്യ പ്പെടുത്തി എന്ന് പരാതിപ്പെട്ടു ഉണങ്ങിയ കരീലകൾ ചലിപ്പിച്ചു കൊണ്ടൊരു വിളഞ്ഞ മഞ്ഞ ചേര പതിയെ ഇഴഞ്ഞു പോയ്, കൃഷിയുടെ ദേവന്മാരിൽ യക്ഷിക്കും മറുതായിക്കും ഉള്ള സ്ഥാനം എന്താണ് എന്ന് പണ്ട് അപ്പച്ചൻ പറഞ്ഞു തന്നിരുന്നു
കൃഷി നശിപ്പിക്കാൻ വരുന്ന പന്നിഎലികളെയും മറ്റു കീടങ്ങളെയും ചേര പിടിച്ചു തിന്നും അങ്ങനെ അവ നമ്മുടെ കൃഷിയെ സംരക്ഷിക്കും അത് കൊണ്ട് ചേരയെ സുഹൃത്തായി ആണ് അപ്പച്ചൻ കണ്ടിരുന്നത്
അവൻ നമ്മളെ കാണുമ്പോഴേ പേടിച്ചോടുമായിരുന്നു,പക്ഷേ അവനും അറിയാം നമ്മൾ ഒന്നും
ചെയ്യില്ലാന്നു അത് കൊണ്ടാണ് അദ്ദേഹത്തിന്റെ പോക്കിന്
അല്പം സാവകാശം ,എനിക്കും കൂടെ അവകാശപ്പെട്ട ഭൂമിയാണ് എന്നുള്ള അവന്റെ ഗർവ് , ഞാൻ പതിയെ പുളി യുടെ മുകളിലേക്കു
നോക്കും സൂര്യ രശ്മികൾ ഇലകൾക്കു ഇടയിലൂടെ അരിച്ചു
ഇറങ്ങുന്നുണ്ട് , ഗോൾഡൻ റേഷ്യോയിലുള്ള പിരിയാൻ ഗോവണി പോലെ ഒരു ചുറ്ററിനു
പുളിങ്കമ്പുകൾ സുഗമായി കയറാനും ഇറങ്ങാനും പറ്റും
ഞാൻ കഥപുസ്തകവുമായി
സുഖമായി ഇരിക്കാവുന്ന ഒരു കൊമ്പിൽ സ്ഥാനം പിടിക്കും
അവിടെ ഇരുന്നു നിരവധി കഥപുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്, പിന്നീട് അമ്മയുടെ നീട്ടി വിളി കേൾക്കുമ്പോൾ ആയിരിക്കും തിരികെ വീട്ടിലേക്കു പോവുക, പിന്നെ
കാരിത്തോട്ടമ്മയുടെ മഞ്ഞ പല്ലിന്റെ പരാതിയിൽ
വീടിനു ഒരു വശത്ത്
ഉണങ്ങിയ മുളയിൽ വറത്തു
ഇട്ടു വച്ചിരിക്കുന്ന ഉമിക്കരി കൊണ്ട് നിര്ബന്ധിപ്പിച്ചു എന്റെ പല്ല് തേപ്പിക്കും.
കാരിത്തോട്ടമ്മ
കാരിത്തോട്ടമ്മയുടെ യഥാർത്ഥ
പേരു പൈങ്ക എന്നായിരുന്നു
കാരിത്തോട്ടമ്മക്ക് ഭയങ്കര സ്നേഹം ആയിരുന്നു,
ഉപദേശങ്ങളും വഴക്ക് പറച്ചിലുമെല്ലാം പതിഞ്ഞ സ്വരത്തിൽ കൊച്ചെന്നു വിളിച്ചു കൊണ്ടായിരിക്കും തുടങ്ങുക
വെളുത്തു മെലിഞ്ഞ
കാരിത്തോട്ടമ്മക്ക് ചെറിയ കോങ്കണ്ണ് ഉണ്ടായിരുന്നു,
കാവടി പോലെ തമ്മിൽ തമ്മിൽ നോക്കി നിൽക്കുന്ന കാൽ വിരലുകൾ,
അതെങ്ങനെയാ ഇങ്ങനെ ആയതു എന്ന് ഞാൻ സംശയം ചോദിക്കും , വാതമാണ് കൊച്ചേ എന്ന് പറയും രാത്രി ആയാൽ ആഹാരത്തിനു
ശേഷം കാരിത്തോട്ടമ്മയുടെ
ഒരു ശീലമുണ്ട് , അപ്പച്ചന്റെ തുറുപ്പു ബീഡികൾ അടിച്ചു മാറ്റി വലിക്കും കിടക്കുന്നതിനു മുൻപ്
വിളക്ക് വെട്ടത്തിൽ കാലു നീട്ടി ഇരുന്ന് വിളക്കിലെ തീയിൽ കത്തിച്ചു ചുണ്ടിൽ വെച്ച് പുക ആഞ്ഞു വലിക്കും വലിക്കുമ്പോൾ. എരിവ് തിന്നപോലെ ശബ്ദം ഉണ്ടാക്കും പുകകൾ കൊണ്ട് വട്ടം വിടാൻ ഞാൻ ആവശ്യപ്പെടും
ആദ്യം ഓക്കെ കാരിത്തോട്ടമ്മ ശ്രമിക്കും ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ പോ...കൊച്ചേ എന്ന് പറഞ്ഞു നാണം വരും,
വെളുത്ത വൃത്ത പുകൾ കാണായി കാത്തിരുന്നു കാത്തിരുന്നു കണ്ണിൽ ഉറക്കം വന്നു തുടങ്ങുമ്പോൾ ഞാൻ എണീറ്റു ചരിഞ്ഞു കാരിത്തോട്ടമ്മയുടെ മടിയിൽ തല വെച്ച് ഉറങ്ങും വലിക്കിടയിൽ ചെറുതായി എന്തൊക്കെയോ പാട്ടുകൾ പാടി എന്റെ മേത്തു താളം പിടിക്കും ഇടക്ക് എരിവിന്റെ
ശബ്ദം ഇടവിട്ടു കേൾക്കും ഞാൻ ശാന്തമായി ഉറങ്ങും
സുനിൽ സി എൻ (ലിനസ് )
29/7/2020
kollam adipoly..
ReplyDeleteതാങ്ക്സ് ബ്രോ
ReplyDelete